ദീപാവലിയുടെ തലേരാത്രി ആസ്‌ട്രേലിയയില്‍ നടന്ന ഇന്ത്യ-പാകിസ്താന്‍ വേള്‍ഡ് കപ്പ് മാച്ചില്‍ ഇന്ത്യ നേടിയ ഉജ്ജ്വല ജയത്തില്‍ ആഹ്ലാദിച്ചു നില്‍ക്കെ, പടിഞ്ഞാറ് ബ്രിട്ടനില്‍നിന്ന് കേട്ട മറ്റൊരു വാര്‍ത്ത ഇന്ത്യക്കാരെ കൂടുതല്‍ ആവേശാനന്ദ തള്ളിച്ചയിലാക്കി.
അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ഋഷി സുനക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. 45 ദിവസം മുമ്ബ് നടന്ന പ്രധാനമന്ത്രി തെരഞ്ഞെടുപ്പില്‍ ലിസ് ട്രസ്സിനോട് തോറ്റ അദ്ദേഹം ഇത്തവണ അധികം എതിര്‍പ്പില്ലാതെയാണ് കസേര പിടിച്ചത്. കുറെ നാളായി ഋഷിയുടെ പേര് ഉയര്‍ന്നുകേട്ടിരുന്നെങ്കിലും ഇത്രപെട്ടെന്ന് ഇങ്ങനെയൊരു വാര്‍ത്ത ആരും പ്രതീക്ഷിച്ചതല്ല. വാര്‍ത്ത ചാനലുകളില്‍ സ്ക്രോള്‍ ചെയ്തപാടെ ഇത് ദീപാവലിയാഘോഷത്തിന്റെ ശുഭസൂചനയാണെന്ന അശരീരി മുഴങ്ങി വാട്സ്ആപ് ഗ്രൂപ്പുകളില്‍.
എങ്ങാണ്ടൊരിടത്ത് ആര്‍ക്കെങ്കിലും ലോട്ടറിയടിച്ചാല്‍ പോലും അവരുമായി ബന്ധവും ചങ്ങാത്തവും ചാര്‍ച്ചയുമുണ്ടെന്ന് സമര്‍ഥിക്കുന്നതില്‍ മിടുക്കരായ നമ്മള്‍ ഒട്ടും സമയം കളയാതെ ഋഷി സുനകിനെ ഇന്ത്യയുടെ മകനായും മരുമകനായും ഏറ്റെടുത്തു.
200 വര്‍ഷം ഇന്ത്യയെ അടക്കിവാണ ബ്രിട്ടെന്‍റ പ്രധാനമന്ത്രിപദം ഒരു ഇന്ത്യന്‍ വംശജന്‍ പിടിച്ചെടുത്തിരിക്കുന്നു എന്നാണ് കരക്കമ്ബി നിലവാരത്തില്‍നിന്ന് അല്‍പമെങ്കിലും മെച്ചമുള്ളത് എന്ന് കരുതിപ്പോരുന്ന ചില വാര്‍ത്താസൈറ്റുകള്‍ പോലും തലക്കെട്ടിട്ട് കൊഴുപ്പിച്ചത്. ഋഷി കുടുംബസമേതം ദീപാവലി ആഘോഷിക്കുന്നതും ഉത്സവങ്ങളില്‍ പങ്കെടുക്കുന്നതുമായ ചിത്രങ്ങള്‍ മാലമാലയായി പ്രത്യക്ഷപ്പെട്ടു. ഋഷി സുനക്, ഇന്ത്യന്‍ വ്യവസായിയും ഇന്‍ഫോസിസ് സ്ഥാപകനുമായ നാരായണ മൂര്‍ത്തിയുടെ മകളെയാണ് വിവാഹം കഴിച്ചത് എന്നത് അദ്ദേഹത്തെ ഇന്ത്യക്കാരനാക്കുന്നത് എളുപ്പമാക്കി. മുമ്ബ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് ഭഗവത്ഗീതയില്‍ കൈവെച്ചാണ് എന്നത് ഋഷിയുടെ സ്വീകാര്യത വര്‍ധിപ്പിച്ചു. ഇന്ത്യന്‍ മൂല്യങ്ങളും സംസ്കാരവും മുറുകെപിടിക്കുന്ന ഒരു പ്രധാനമന്ത്രിയാണ് ഋഷി സുനക് എന്ന് ഉത്തരേന്ത്യന്‍ പത്രങ്ങള്‍ തെളിവുസഹിതം അച്ചുനിരത്തി.
ഇന്ത്യയും ബ്രിട്ടനും തമ്മിലെ ബന്ധങ്ങളില്‍ ഋഷിയുടെ ഇപ്പോഴത്തെ നിലപാടുകള്‍ നമുക്ക് സഹായകമല്ല എന്ന അടിസ്ഥാനവാദം പോലും ഈ ബഹളങ്ങള്‍ക്കിടയില്‍ ആരും ഓര്‍ത്തില്ല. ഓര്‍ത്തെങ്കില്‍തന്നെയും ഒരു രാഷ്ട്രീയസംവാദത്തിലും ഇതാരും പറഞ്ഞില്ല. ഇന്ത്യന്‍ വംശജന്‍ എന്നമട്ടില്‍ ആഘോഷിക്കപ്പെടുന്ന ആള്‍, വംശീയതയെപ്പറ്റി വെച്ചുപുലര്‍ത്തുന്ന നിലപാടെന്താണ് എന്ന് ആരും ചികഞ്ഞുനോക്കിയില്ല, അത്തരം വാദഗതികള്‍ ടി.ആര്‍.പിക്ക് സഹായകമല്ല എന്ന തിരിച്ചറിവില്‍ ചാനല്‍ ചര്‍ച്ചകളും ആ വഴിക്കല്ല പോയത്. മതത്തിന്റെ അതിപ്രസരം ആവശ്യത്തിലേറെ കടത്തിവിട്ട് ഇന്നത്തെ രാഷ്ട്രീയസ്ഥിതിയിലേക്ക് ഇന്ത്യയെ കൊണ്ടെത്തിച്ചതിന് സമാനമായ വികാരതീവ്രതയാണ് ഋഷിവിജയം ചര്‍ച്ച ചെയ്ത ചാനല്‍ ജഡ്ജിമാരിലും വക്കാലത്തു പറച്ചിലുകാരിലും പ്രകടമായത്. ഹിമാചല്‍, ഗുജറാത്ത് തിരഞ്ഞെടുപ്പില്‍പോലും ഋഷിയുടെ പേര് ഉപയോഗപ്പെടുത്തിയാല്‍ അത്ഭുതപ്പെടേണ്ട. ഇതിലും വലിയ കുടിയേറ്റ വിരുദ്ധനായ ഡോണള്‍ഡ് ട്രംപിെന്‍റ വിജയത്തിനുവേണ്ടി ജന്തര്‍മന്തറില്‍ പൂജ നടത്തിയ, അബ് കീ ബാര്‍ ട്രംപ് സര്‍ക്കാര്‍ എന്ന് മുദ്രാവാക്യം വിളിച്ചവരാണ് ഇവിടെ ഭരണത്തിലെന്നത് മറേക്കണ്ട.
ഋഷി സുനക് ജനിച്ചത് ഇന്ത്യയിലല്ല, ബ്രിട്ടനിലാണ്. അദ്ദേഹത്തിെന്‍റ അച്ഛന്‍ ജനിച്ചത് കെനിയയിലും അമ്മ ജനിച്ചത് താന്‍സനിയയിലുമാണ്. രണ്ട് മുത്തച്ഛന്മാരും അവിഭക്ത പഞ്ചാബില്‍നിന്ന് 1930കളില്‍ ആഫ്രിക്കയിലേക്ക് കുടിയേറിയവരാണ്. അമ്മയുടെ അമ്മ ജനിച്ചതും താന്‍സനിയയില്‍ തന്നെ!
ഇതൊക്കെയാണെങ്കിലും ഇന്ത്യന്‍ വലതുപക്ഷ ജനതക്ക് ഇപ്പോള്‍, ബ്രിട്ടനിലെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയിലെ വലതുപക്ഷ നയങ്ങളുടെ ഒപ്പം നില്‍ക്കുന്ന, മറ്റു നാട്ടില്‍നിന്നുള്ള കുടിയേറ്റക്കാരെ ആട്ടിപ്പായിക്കണമെന്ന് വാദിക്കുന്ന ഋഷി സുനക്, ഇന്ത്യയില്‍ ജനിച്ച ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവനും ജീവിതവും നല്‍കിയ, രാജ്യം വിഭജിക്കപ്പെട്ടപ്പോള്‍ അതിര്‍ത്തി കടക്കാന്‍ കൂട്ടാക്കാതെ ജനിച്ചുവളര്‍ന്ന മണ്ണില്‍ അലിഞ്ഞു ചേരണമെന്ന് ആഗ്രഹിച്ച ലക്ഷക്കണക്കിന് പൗരജനങ്ങളേക്കാള്‍ വലിയ ഇന്ത്യക്കാരനാണ്. ഋഷി സുനക് ഇന്ത്യക്കാരനല്ല എന്ന് എഴുതുകയും പോസ്റ്റിടുകയും ചെയ്യുന്നവര്‍ക്ക് രാജ്യദ്രോഹിച്ചാപ്പ പതിക്കുന്ന ചടങ്ങ് മാത്രമേ ഇനി ബാക്കിയുള്ളൂ.