തിരുവനന്തപുരം: രാജസ്ഥാനിലെ ഉദയ്പൂരില്‍ തയ്യല്‍ക്കാരനായ കനയ്യ ലാല്‍ എന്ന യുവാവിനെ കടയില്‍ കയറി കഴുത്തറുത്തു താലിബാന്‍ മോഡലില്‍ കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലിലാണ് രാജ്യം.
ഇത് രാജ്യത്ത് ഗുരുതരമായ സാമൂഹ്യ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുന്നതിനാല്‍ സമഗ്രമായ അന്വേഷണം നടത്തി പിന്നിലുള്ള യഥാര്‍ത്ഥ വസ്തുതകള്‍ പുറത്ത് കൊണ്ടുവരണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ആവശ്യപ്പെട്ടു.
കുറ്റവാളികള്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പുവരുത്തുകയും വേണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്ബലം പറഞ്ഞു. ‘ഇത്തരം കൊലപാതകങ്ങള്‍ ഒരു നിലയ്ക്കും അംഗീകരിക്കാനാവില്ല. ഇതിനെ ഏതെങ്കിലും മതവിശ്വാസവുമായി കൂട്ടിക്കുഴയ്ക്കുന്നതും ശരിയല്ല. ഇതുമായി ബന്ധപ്പെട്ട വസ്തുതകള്‍ പുറത്തറിയും മുമ്ബ് നടത്തുന്ന നിരുത്തരവാദപരമായ ആരോപണങ്ങളില്‍ നിന്ന് മതേതര സമൂഹം പിന്‍മാറണം.’
‘രാജ്യത്ത് നിലനില്‍ക്കുന്ന നിയമവ്യവസ്ഥയെ മറികടന്ന് ക്രമസമാധാനം നശിപ്പിക്കാന്‍ ശ്രമിക്കുന്ന വ്യക്തികളെയും സംഘങ്ങളെയും നിയന്ത്രിക്കാന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ട്. പ്രവാചക നിന്ദയുടെ പേരില്‍ രാജ്യത്ത് ജനാധിപത്യപരമായ സമരങ്ങളാണ് നടന്നുവരുന്നത്.’ ഉദയ്പൂരില്‍ നടന്ന ഹീനവും ജനാധിപത്യവിരുദ്ധവുമായ കൊലപാതകത്തെ പ്രവാചക നിന്ദക്കെതിരെ നടത്തുന്ന സമരങ്ങളുടെ ഭാഗമാക്കി മാറ്റാന്‍ ശ്രമിക്കുന്നത് ദുരുദ്ദേശപരമാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഏജന്‍സികള്‍ ഇപ്പോള്‍ നടത്തുന്ന അന്വേഷണം എത്രമാത്രം നിഷ്പക്ഷമായിരിക്കും എന്നതില്‍ രാജ്യത്തെ ജനാധിപത്യ സമൂഹത്തിന് ആശങ്കയുണ്ട്. അതുകൊണ്ട് രാജസ്ഥാന്‍ ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈ സംഭവം സമഗ്രമായി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.