ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ റിസപ്ഷനിസ്റ്റിന്‍റെ കൊലപാതകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി നേതാക്കള്‍ക്കുമെതിരെ കോണ്‍ഗ്രസ്.
പ്രധാനമന്ത്രിയുടെയും മറ്റ് ബി.ജെ.പി നേതാക്കളുടെയും മൗനം അവരുടെ നിര്‍വികാരതയാണ് കാണിക്കുന്നതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
കേസന്വേഷിക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ പ്രത്യേക അന്വേഷണ സംഘത്തില്‍ പാര്‍ട്ടിക്ക് വിശ്വാസമില്ലെന്ന് ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കരണ്‍ മഹാര പറഞ്ഞു. “ഉത്തരാഖണ്ഡില്‍ കൊല്ലപ്പെട്ട മകള്‍ക്ക് വേണ്ടി പ്രധാനമന്ത്രി ഒരു ട്വീറ്റോ പ്രസ്താവനയോ നടത്താത്തത് ദുഃഖകരമാണ്. ഇത് വളരെ ലജ്ജാകരമാണ്. പ്രധാനമന്ത്രിയുടെയും ബി.ജെ.പിയുടെ മുഴുവന്‍ നേതാക്കളുടെയും യഥാര്‍ഥ മുഖം വ്യക്തമായിരിക്കുകയാണ്”- മഹാര പറഞ്ഞു. കൊലപാതകത്തിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള എല്ലാ പാര്‍ട്ടികളും പ്രതിഷേധിക്കുമ്ബോള്‍ ബി.ജെ.പി എവിടെയാണെന്നും അദ്ദേഹം ചോദിച്ചു.
കേസന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്നും കേസിലെ മുഖ്യ പ്രതിയുടെ പിതാവുമായി അന്വേഷണ സംഘം ബന്ധപ്പെടാറുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സര്‍ക്കാരിന്‍റെ പ്രത്യേക അന്വേഷണ സംഘത്തിന് എത്രത്തോളം സമ്മര്‍ദ്ദം ലഭിക്കുന്നുണ്ടെന്ന് ഇതില്‍ നിന്ന് വ്യക്തമാണെന്നും മഹാര കൂട്ടിച്ചേര്‍ത്തു.
പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം നടത്താനും പ്രതികളെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വാങ്ങാനും പൊലീസ് കാലതാമസം വരുത്തിയത് സംശയാസ്പദമാണ്. തെളിവ് നശിപ്പിക്കുന്നതിന് വേണ്ടിയാണ് പുല്‍കിത് ആര്യയുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ട് പൊളിച്ചത്. ഇതിലൂടെ ഏത് വി.ഐ.പിയെയാണ് സര്‍ക്കാര്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ബി.ജെ.പി നേതാവ് വിനോദ് ആര്യയുടെ മകന്‍ പുല്‍കിത് ആര്യയുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിലാണ് കൊല്ലപ്പെട്ട പെണ്‍കുട്ടി ജോലി ചെയ്തിരുന്നത്. സംഭവത്തില്‍ പുല്‍കിത് ആര്യയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.