ഇസ്ലാമാബാദ്: ഇന്ത്യയുടെ വിദേശ നയത്തെ വീണ്ടും പുകഴ്ത്തി മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. ഉക്രൈന് യുദ്ധകാലത്ത് പാശ്ചാത്യ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ദേശീയ താല്‍പ്പര്യത്തിനായി റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനം മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.
ലാഹോറിലെ ലിബര്‍ട്ടി ചൗക്കില്‍ നിന്ന് ആരംഭിച്ച് ഇസ്ലാമാബാദില് അവസാനിക്കുന്ന ഹഖിഖി ആസാദി ലോംഗ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യവെയാണ് ഇമ്രാന് ഖാന് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യക്ക് റഷ്യയില്‍ നിന്ന് സ്വന്തം ഇഷ്ടാനുസരണം എണ്ണ ഇറക്കുമതി ചെയ്യാം. എന്നാല്‍ തങ്ങളുടെ രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനായി തീരുമാനങ്ങള്‍ എടുക്കുന്നതില്‍ പരാജയപ്പെട്ട അടിമകളാണ് പാകിസ്ഥാനികള്‍ ഇപ്പോഴുമെന്നും അദ്ദേഹം പറഞ്ഞു.
“റഷ്യ വിലകുറഞ്ഞ എണ്ണ വിതരണം ചെയ്യുകയാണെങ്കില്‍, എന്റെ രാജ്യത്തെ ജനങ്ങളെ രക്ഷിക്കാന്‍ എനിക്ക് അവസരം ലഭിക്കുകയാണെങ്കില്‍, അത് ചോദ്യം ചെയ്യാന്‍ ആരെയും അനുവദിക്കരുത്. ഇന്ത്യക്ക് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാം. എന്നാല്‍ അടിമകളായ പാകിസ്ഥാനികളെ അതിന് അനുവദിക്കില്ല. ഒരു സ്വതന്ത്ര രാജ്യം കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, നീതി വിജയിക്കണം, ജനങ്ങള്‍ക്ക് സുരക്ഷയും സുരക്ഷിതത്വവും നല്‍കണം”, അദ്ദേഹം പറഞ്ഞു.