ഐസിസി ടി20 ലോകകപ്പിലെ പാകിസ്ഥാനെതിരായ മത്സരത്തോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ തകര്‍പ്പന്‍ റെക്കോര്‍ഡ് കുറിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ.
മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയെ പിന്നിലാക്കികൊണ്ടാണ് ഈ തകര്‍പ്പന്‍ റെക്കോര്‍ഡ് ഹിറ്റ്മാന്‍ സ്വന്തമാക്കിയിരിക്കുകയാണ്.
ഐസിസി ടി20 ലോകകപ്പിലെ രോഹിത് ശര്‍മ്മയുടെ 34 ആം മത്സരമാണിത്. ഇതോടെ ടി20 ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് രോഹിത് ശര്‍മ്മ സ്വന്തമാക്കി. 33 മത്സരങ്ങള്‍ കളിച്ചിട്ടുള്ള മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയെയാണ് രോഹിത് ശര്‍മ്മ പിന്നിലാക്കിയത്. 31 മത്സരങ്ങള്‍ കളിച്ചിട്ടുള്ള യുവരാജ് സിങാണ് ഈ നേട്ടത്തില്‍ മൂന്നാം സ്ഥാനത്തുള്ളത്.
രോഹിത് ശര്‍മ്മയുടെ എട്ടാമത്തെ ടി20 ലോകകപ്പാണിത്. 2007 ലെ പ്രഥമ ടി20 ലോകകപ്പ് മുതല്‍ എല്ലാ ടി20 ലോകകപ്പിലും ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുള്ള ഒരേയൊരു താരം കൂടിയാണ് ഹിറ്റ്മാന്‍.
ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കുന്ന മൂന്നാമത്തെ ക്യാപ്റ്റനെന്ന നേട്ടവും ഹിറ്റ്മാന്‍ സ്വന്തമാക്കി. 2007 മുതല്‍ 2016 വരെയുള്ള ടി20 ലോകകപ്പുകളില്‍ എം എസ് ധോണി ഇന്ത്യയെ നയിച്ചപ്പോള്‍ കഴിഞ്ഞ ലോകകപ്പില്‍ വിരാട് കോഹ്ലിയായിരുന്നു ഇന്ത്യയുടെ ക്യാപ്റ്റന്‍.