തിരുവല്ല: ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ കെ.ടി ജലീല്‍ എം.എല്‍.എയ്ക്കെതിരെ കേസെടുക്കാന്‍ തിരുവല്ല കോടതി പൊലീസിന് നിര്‍ദ്ദേശം നല്കി.
ആര്‍എസ്എസ് ഭാരവാഹി അരുണ്‍ മോഹന്‍ നല്കിയ ഹര്‍ജി പരിഗണിച്ചാണ് ജലീലിനെതിരെ കേസെടുക്കാന്‍ കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കിയത്. ഇതേ സംഭവത്തില്‍ ജലീലിനെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് ഡല്‍ഹി പൊലീസ് കഴിഞ്ഞ ദിവസം നിയമോപദേശം തേടിയിരുന്നു. അഡ്വക്കേറ്റ് ജി.എസ്. മണി തിലക് നഗര്‍ പൊലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. കൂടുതല്‍ അന്വേഷണത്തിനായി പരാതി സൈബര്‍ ക്രൈം വിഭാഗത്തിന് കൈമാറി.
ലെജിസ്ലേറ്റീവ് കൗണ്‍സിലിന്റെ ഭാഗമായി കശ്മീര്‍ സന്ദര്‍ശിച്ച ജലീല്‍ പാക് അധിനിവേശ കശ്മീരിനെ ‘ആസാദ് കശ്മീര്‍’ എന്നും കശ്മീര്‍ താഴ്വര, ജമ്മു, ലഡാക്ക് എന്നിവയെ ‘ഇന്ത്യന്‍ അധീന കശ്മീര്‍’ എന്നും വിശേഷിപ്പിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. പോസ്റ്റ് വിവാദമായതോടെ പിന്‍വലിച്ചു.
അതേസമയം വിവാദ പരാമര്‍ശത്തിന്റെ പേരില്‍ പെരുമാറ്റച്ചട്ടം ലംഘിച്ച ജലീലിനെതിരെ നടപടി ആവശ്യപ്പെട്ട് മാത്യു കുഴല്നാടന് എംഎല്‍എ സ്പീക്കര്‍ക്ക് കത്ത് നല്കി. ജലീലിന്റെ പരാമര്‍ശങ്ങള്‍ നിയമസഭയ്ക്കും സഭാ സമിതിക്കും പൊതുസമൂഹത്തിനു മുന്നില്‍ അവമതിപ്പ് ഉണ്ടാക്കി. ജലീല്‍ നല്കിയ വിശദീകരണത്തില്‍ പോലും ഖേദം പ്രകടിപ്പിക്കാനോ നിലപാട് തിരുത്താനോ അദ്ദേഹം തയ്യാറല്ലെന്നും കത്തില്‍ പറയുന്നു.