അച്ഛന്റെ കൈകളില്‍ ഇരുന്ന് ബംഗളൂരുവില്‍ നിന്നും സന്നിധാനത്തെത്തി അയ്യപ്പനെ ദര്‍ശിച്ച 11 മാസം പ്രായമുള്ള കൃഷ്ണ എന്ന ആണ്‍കുട്ടി ഏവരുടെയും മനം കവര്‍ന്നു.
ഇന്നലെവൈകിട്ട് ആറോടെ അച്ഛൻ ഭീമാ ശേഖറിനും ചേച്ചി നാല് വയസുകാരി കൃഷ്ണവേണിക്കും ഒപ്പമാണ് കൃഷ്ണ പതിനെട്ടാം പടി കയറി അയ്യപ്പനെ ദര്‍ശിച്ചത്. ബംഗളൂരു സ്വദേശികളായ മഹേശ്വരി ഭീമാ ശേഖര്‍ ദമ്ബതികളുടെ മൂന്നാമത്തെ മകനാണ് കൃഷ്ണ.
അയ്യപ്പനെ കാണാനെത്തിയ ആയിരങ്ങളുടെ കണ്ണുടക്കിയത് കൃഷ്ണ എന്ന കുഞ്ഞയ്യപ്പനെയാണ്. ബംഗളൂരുവില്‍ നിന്ന് കാറിലാണ് ഭീമാ ശേഖര്‍ ശബരിമലയിലെത്തിയത്. മറ്റൊരു ചേച്ചി ആറു വയസുള്ള കൃഷ്ണപ്രിയ യും അമ്മ മഹേശ്വരിയും നിലയ്ക്കല്‍ ഗസ്റ്റ് ഹൗസില്‍ കുഞ്ഞിന്റെ വരവും കാത്തിരിക്കുകയാണെന്ന് അച്ഛൻ പറഞ്ഞു.
ആദ്യത്തെ രണ്ടും പെണ്‍കുട്ടികള്‍ ആയതിനാല്‍ ഒരു ആണ്‍കുട്ടി പിറന്നാല്‍ അതിനെ പതിനെട്ടാം പടി ചവിട്ടിക്കാം എന്ന പ്രാര്‍ഥനയുടെ പുണ്യമാണിതെന്ന് അദ്ദേഹം പറഞ്ഞു. ബംഗളൂരു ഒറാക്കിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലെ സീനിയര്‍ ഫിനാൻഷ്യല്‍ അണലിസ്റ്റാണ് ഭീമ ശേഖര്‍.