ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ വൈദ്യുതി കമ്ബനികളുടെ 3,229 കോടി രൂപയുടെ കുടിശ്ശിക എഴുതിത്തള്ളിയെന്ന് ബി.ജെ.പിയുടെ രാജ്യസഭ എം.പി സുധാന്‍ഷു ത്രിവേദി.
ഈ കുടിശ്ശിക സര്‍ക്കാരിന് സ്വകാര്യ കമ്ബനികള്‍ നല്‍കേണ്ടതായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ഇളവ് നല്‍കുന്നതിനല്ല മറിച്ച് ഇടനിലക്കാര്‍ക്ക് നേട്ടമുണ്ടാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടതെന്ന് ത്രിവേദി ആരോപിച്ചു. ലേറ്റ് ഫീസിന്റെ പേരില്‍ സ്വകാര്യ കമ്ബനികള്‍ക്ക് 18 ശതമാനം പിരിക്കാന്‍ അനുമതി നല്‍കിയെങ്കിലും അതേ കമ്ബനികള്‍ ഡല്‍ഹി സര്‍ക്കാരിന് 12 ശതമാനം മാത്രമാണ് നല്‍കുന്നതെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ആദേശ് ഗുപ്തയുമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ത്രിവേദി പറഞ്ഞു.
“ആറ് ശതമാനം തുക എവിടെപ്പോയി? അതിനെക്കുറിച്ച് ഒരു വിവരവുമില്ല. അതായത് 8000 കോടി എവിടെപ്പോയെന്ന് ആര്‍ക്കും അറിയില്ല. ഇതിന് പുറമേ ബോര്‍ഡിലേക്ക് എ.എ.പി എം.പിയുടെ മകനെയും നിയമിച്ചു. ഇതിന് പിന്നിലെ കാരണത്തെ കുറിച്ച് സര്‍ക്കാര്‍ ഇതുവരെ ഉത്തരം നല്‍കിയിട്ടുമില്ല”- ബി.ജെ.പി നേതാവ് പറഞ്ഞു. ഡല്‍ഹിയില്‍ എല്‍.പി.ജിക്ക് സബ്സിഡി നല്കാമെങ്കില് എന്തുകൊണ്ട് വൈദ്യുതിക്ക് സബ്സിഡി നല്‍കാനാകില്ലെന്ന് കെജ്രിവാള് മറുപടി നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.