തിരുവനന്തപുരം: ആനാവൂര്‍ നാഗപ്പന്റെ കത്തിലൂടെ ജോലി ലഭിച്ച മൂന്നു പേരില്‍ ഒരാള്‍ സിഐടിയു മുന്‍ സംസ്ഥാന ട്രഷററുടെ മകന്‍.
കാട്ടാക്കട ശശിയുടെ മകന്‍ ജെ.എസ്.കിരണിന് ജൂനിയര്‍ ക്ലാര്‍ക്കായിട്ടാണ് നിയമനം ലഭിച്ചത്. സഹകരണ സംഘം ഉപദേശം ചോദിച്ചപ്പോള്‍ നിര്‍ദേശം നല്‍കുക മാത്രമാണ് ചെയ്തതെന്ന ആനാവൂരിന്റെ വാദം ഇതോടെ പൊളിഞ്ഞു.
പിന്‍വാതിലിലൂടെ സഹകരണ സംഘത്തില്‍ മൂന്നു പേരെ നിയമിക്കണമെന്ന് അറിയിച്ചുള്ള ആനാവൂരിന്റെ കത്ത് ആണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്.
കഴിഞ്ഞ വര്‍ഷം ജൂലൈ 6 നാണ് ജില്ലാ മര്‍ക്കന്റൈല്‍ സഹകരണ സംഘം ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് അംഗവും സംഘത്തിലെ പാര്‍ട്ടി കാര്യങ്ങള്‍ നടപ്പാക്കാന്‍ ചുമതലപ്പെട്ടയാളുമായ ബാബുജാന് സിപിഎം ജില്ലാ കമ്മിറ്റിയുടെ ലെറ്റര്‍ പാഡില്‍ ആനാവൂര്‍ കത്തു നല്‍കിയത്.
ജൂനിയര്‍ ക്ലാര്‍ക്ക് വിഭാഗത്തില്‍ വി.എസ്.മഞ്ജു, ജെ.എസ്.കിരണ്‍ എന്നിവരെയും ഡ്രൈവറായി ആര്‍.എസ്.ഷിബിന്‍ രാജിനെയും നിയമിക്കണമെന്നും അറ്റന്‍ഡര്‍ തസ്തികയിലേക്ക് തല്‍ക്കാലം നിയമനം വേണ്ടെന്നുമായിരുന്നു ആനാവൂരിന്റെ കത്തിലെ നിര്‍ദേശം.