ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ റോഡ് ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി ദേശീയ പാത – 15, ട്രാന്‍സ് അരുണാചല്‍ ഹൈവേകള്‍ (എന്‍എച്ച് 13/എന്‍എച്ച് 215 ) എന്നിവയ്‌ക്കായി കേന്ദ്രം അനുമതി നല്‍കി.
ചൈനയുടെ അതിര്‍ത്തിക്ക് സമീപമുള്ള മേഖലകളിലാണ് പുതിയ ഹൈവേകള്‍ വരുന്നത്. പദ്ധതി പ്രകാരം 2,178 കിലോമീറ്റര്‍ നീളത്തില്‍ ആറ് ഇടനാഴികള്‍ നിര്‍മ്മിക്കും. പുതിയ പദ്ധതിക്കായി റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം കഴിഞ്ഞ ദിവസമാണ് അനുമതി നല്‍കിയത്.
സൈനികര്‍ക്കും സായുധ സേനയ്‌ക്കും അതിര്‍ത്തി പ്രദേശങ്ങളിലേക്ക് പോകുന്നതിനും തിരിച്ചുവരുന്നതിനും അവരുടെ യന്ത്ര സാമഗ്രികളുടെ ഗതാഗതം സുഗമമാക്കുന്നതിനും ഹൈവേ സൗകര്യങ്ങള്‍ കൂടുതല്‍ സഹായമാകുമെന്നും വിലയിരുത്തലുണ്ട്. ട്രാന്‍സ് അരുണാചല്‍ ഹൈവേകളുടെയും എന്‍എച്ച് 15 ന്റെയും നിര്‍മാണം ഇതിനോടകം ആരംഭിച്ചു. അതിര്‍ത്തി വരെ മൂന്ന് പ്രധാന സ്ട്രെച്ചുകളാണ് പദ്ധതിപ്രകാരം വികസിപ്പിക്കുക.
ഇറ്റാഖോല-സെയ്ജോസ-പാക്കെ, കെസാന്‍ഡ്- സെപ്പ, ചയാങ്താജോ- സാങ്ഗ്രാം-പാര്‍സി എന്നീ റോഡുകള്‍ 391 കി.മീ, കനുബാരി- ലോംഗ്ഡിംഗ് 404 കി.മീ, അകാജന്‍- പാംഗോ ജോര്‍ജിംഗ് 398 കി.മീ, ഗോഗമുഖ് താഹില ടാറ്റോ, 285കി.മീ, തവാങ് – നെലിയ 402 കി.മീ, പാസിഘട്ട് ബിഷിംഗ് 298 കി.മീ എന്നിങ്ങനെയാണ് റോഡുകളുടെ നിര്‍മാണം നടക്കാനിരിക്കുന്നത്.