മലപ്പുറം: അമ്മയ്ക്ക് മറ്റൊരാളുമായുള്ള സൗഹൃദം ചോദ്യം ചെയ്ത മകന്‍റെ സ്കൂട്ടര്‍ കത്തിച്ചു. സ്കൂട്ടര്‍ കത്തിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ അമ്മയും കൂട്ടാളികളും അറസ്റ്റിലായി.
മലപ്പുറം മേലാറ്റൂരിലാണ് സംഭവം. പട്ടിക്കാട് മുള്ള്യാകുര്‍ശ്ശി സ്വദേശിനി കൂട്ടുമൂച്ചിക്കല്‍ കോളനിയിലെ തച്ചാംകുന്നന്‍ നഫീസയാണ്(48) സ്വന്തം മകന്‍റെ സ്കൂട്ടര്‍ കത്തിക്കാന്‍ ക്രിമിനല്‍ സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയത്. വീടിന് മുന്നില്‍വെച്ചിരുന്ന സ്കൂട്ടര്‍ സംഘം കത്തിക്കുകയും ചെയ്തു. സംഭവത്തില്‍ പൊലീസിന് ലഭിച്ച പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് സ്കൂട്ടര്‍ കത്തിച്ചതിന് പിന്നില്‍ നഫീലയാണെന്ന് വ്യക്തമായത്.
നഫീസയുടെ അയല്‍വാസിയും സുഹൃത്തുമായ മുള്ള്യാകുര്‍ശ്ശി വലിയപറമ്ബിലെ കീഴുവീട്ടില്‍ മെഹബൂബാണ് (58) സ്കൂട്ടര്‍ കത്തിക്കാന്‍ നേതൃത്വം നല്‍കിയത്. ഇയാള്‍ക്കുപുറമെ ക്വട്ടേഷന്‍സംഘാംഗങ്ങളായ തമിഴ്‌നാട് ഉക്കടം സ്വദേശി കാജാ ഹുസൈന്‍ (39), കൂട്ടാളിയായ അബ്ദുള്‍നാസര്‍ (പൂച്ച നാസര്‍-32) എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. മേലാറ്റൂര്‍ പൊലീസ്‌സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ ആര്‍ രഞ്ജിത്തിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റുചെയ്തത്.
നഫീസയ്ക്ക് മെഹബൂബുമായി ഉണ്ടായിരുന്ന സൗഹൃദമാണ് സ്കൂട്ടര്‍ കത്തിക്കുന്നതിലേക്ക് എത്തിച്ചത്. മെഹബൂബുമായുള്ള അടുപ്പം നഫീസയുടെ മകന്‍ ചോദ്യം ചെയ്തു. ഈ ബന്ധം തുടരാന്‍ അനുവദിക്കില്ലെന്ന് മകന്‍ നഫീസയോട് പറയുകയും ചെയ്തു. ഇതിലുള്ള വൈരാഗ്യമാണ് സ്കൂട്ടര്‍ കത്തിക്കാന്‍ ക്വട്ടേഷന്‍ നല്‍കാന്‍ കാരണമെന്ന് നഫീസ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. നഫീസയും മകന്‍ മുഹമ്മദ് ഷഫീഖും (25) ഒരുമിച്ചല്ല താമസിക്കുന്നത്. നഫീസയുടെ വീടിന് അര കിലോമീറ്റര്‍ മാറി വാടക ക്വാര്‍ട്ടേഴ്‌സിലാണ് മകന്‍ താമസിക്കുന്നത്. മാതാവുമായുള്ള പ്രശ്നങ്ങള്‍ കാരണമാണ് മകന്‍ മാറിത്താമസിക്കുന്ന്. ഈ വാടക ക്വാര്‍ട്ടേഴ്സിന് മുന്നില്‍വെച്ചിരുന്ന സ്കൂട്ടറാണ് പെട്രോളൊഴിച്ച് കത്തിച്ചത്. സ്കൂട്ടര്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു.
എസ്‌ഐ അജിത്ത്കുമാര്‍, എഎസ്‌ഐമാരായ ജോര്‍ജ് കുര്യന്‍, വിശ്വംഭരന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുരേന്ദ്ര ബാബു, ജോര്‍ജ് സെബാസ്റ്റ്യന്‍, ഷംസുദ്ദീന്‍, ഷിജു, സിന്ധു, സെലീന എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.