ന്യൂഡല്‍ഹി: നീണ്ട രണ്ടു പതിറ്റാണ്ടിനുശേഷം കോണ്‍ഗ്രസിന് നെഹ്‌റു-ഗാന്ധി കുടുംബത്തിനു പുറത്തുനിന്ന് പുതിയ അമരക്കാരന്‍.
കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ നാളെ ചുമതലയേല്‍ക്കും. എ.ഐ.സി.സി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് സ്‌ക്രീനിങ് കമ്മിറ്റി യോഗവും നാളെ ചേരും.
22 വര്‍ഷ വര്‍ഷത്തിനുശേഷം തെരഞ്ഞെടുപ്പിലൂടെ ഒരാള്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ എത്തുന്നു. 24 വര്‍ഷത്തിനുശേഷം നെഹ്‌റു കുടുംബത്തിനു പുറത്തുനിന്നൊരാള്‍. അരനൂറ്റാണ്ടിനുശേഷം ദലിത് വിഭാഗത്തില്‍നിന്നൊരു നേതാവ് കോണ്‍ഗ്രസിന്റെ നായകത്വം ഏറ്റെടുക്കുന്നു. അങ്ങനെ പലകാരണങ്ങള്‍ കൊണ്ട് സ്വാതന്ത്ര്യാനന്തര കോണ്‍ഗ്രസ് ചരിത്രത്തിലെ അപൂര്‍വമുഹൂര്‍ത്തമാകുമത്.
നാളെ രാവിലെ 10.30നാണ് എ.ഐ.സി.സി ആസ്ഥാനത്ത് ചടങ്ങ് നടക്കുന്നത്. നിലവിലെ അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പി.സി.സി അധ്യക്ഷന്മാര്‍ തുടങ്ങി പ്രമുഖര്‍ തന്നെ ചടങ്ങിനു സാക്ഷിയാകാനെത്തും. സ്ഥാനമൊഴിയുന്ന സോണിയ ഗാന്ധിയുടെ വിടവാങ്ങല്‍ പ്രസംഗവും നിര്‍ണായകമാകും. ചടങ്ങില്‍ പങ്കെടുക്കാന്‍ ഭാരത് ജോഡോ യാത്രയ്ക്ക് മൂന്ന് ദിവസത്തെ ഇടവേള നല്‍കി രാഹുല്‍ ഗാന്ധി ഇന്നലെ ഡല്‍ഹിയിലെത്തിയിട്ടുണ്ട്.
അധ്യക്ഷനായി ചുമതലയേറ്റ ശേഷം വൈകീട്ട് ചേരുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് സ്‌ക്രീനിങ് കമ്മിറ്റി യോഗമാണ് ഖാര്‍ഗെയുടെ ആദ്യ ഔദ്യോഗിക പരിപാടി. ഹിമാചല്‍പ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പാണ് തൊട്ടുമുന്നിലുള്ള പ്രധാന വെല്ലുവിളികള്‍.
മൂന്ന് മാസത്തിനുള്ളില്‍ പ്ലീനറി സമ്മേളനം വിളിച്ച് പ്രവര്‍ത്തക സമിതി ഉള്‍പ്പെടെ പുനഃസംഘടിപ്പിക്കേണ്ടതുണ്ട്. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ട്ടിയെയും പ്രതിപക്ഷത്തെയും ശക്തിപ്പെടുത്തുക എന്ന ചുമതലയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് മുന്നില്‍ വലിയ വെല്ലുവിളിയാകും.
കഴിഞ്ഞ 17നാണ് കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നടന്നത്. ശശി തരൂരിന്റെ രംഗപ്രവേശത്തോടെ ഗ്ലാമര്‍ പരിവേഷം ലഭിച്ച പോരാട്ടത്തില്‍ 9,915 പ്രതിനിധികളില്‍ 9,497 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 19ന് ഫലപ്രഖ്യാപനം വന്നപ്പോള്‍ 90 ശതമാനം വോട്ട് നേടി ഖാര്‍ഗെയുടെ ചരിത്രവിജയം. 7,897 വോട്ടാണ് ഖാര്‍ഗെയ്ക്ക് ലഭിച്ചത്. തരൂരിന് 1,072 വോട്ടും ലഭിച്ചു. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ബാലറ്റുകള്‍ തമ്മില്‍ കലര്‍ത്തി അഞ്ച് ടേബിളുകളിലായാണ് വോട്ടെണ്ണിയത്. 416 വോട്ട് അസാധുവാകുകയും ചെയ്തു.