കൊച്ചി : ബി.ജെ.പി. കേരള ഘടകത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അതൃപ്‌തി പ്രകടിപ്പിച്ചതോടെ സംസ്‌ഥാന നേതൃത്വം അഴിച്ചുപണി ഭീഷണിയില്‍.
കേരള സന്ദര്‍ശന വേളയില്‍ കൊച്ചിയില്‍ ചേര്‍ന്ന ബി.ജെ.പി. കോര്‍ കമ്മിറ്റി യോഗത്തിലാണു മോദി വിമര്‍ശനം ഉന്നയിച്ചത്. സംസ്‌ഥാന നേതാക്കള്‍ അവകാശപ്പെടുന്നതു പോലുള്ള വളര്‍ച്ച പാര്‍ട്ടിക്ക് കേരളത്തില്‍ ഉണ്ടാവുന്നില്ലെന്നായിരുന്നു മോദിയുടെ വിമര്‍ശനം.
തെരഞ്ഞെടുപ്പുകളില്‍ പ്രവര്‍ത്തന നേട്ടം പ്രതിഫലിക്കുന്നില്ല. പാര്‍ട്ടിയുമായി സഹകരിക്കാന്‍ സാധ്യതയുള്ള സമുദായ വിഭാഗങ്ങളെ ഒപ്പം നിര്‍ത്താന്‍ കഴിയുന്നില്ല. അവകാശപ്പെടുമ്ബോലെ കേരളത്തില്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ സജീവമല്ല.-മോദി വിമര്‍ശിച്ചു. ഈ വിമര്‍ശനങ്ങള്‍ക്കു പിന്നാലെയാണ് പ്രകാശ് ജാവദേക്കറെ പാര്‍ട്ടി കേരള ഘടകത്തിന്റെ ചുമതല ഏല്‍പ്പിച്ചത്.
നേതൃനിരയില്‍ പുതുമുഖങ്ങള്‍ വരണമെന്ന മോദിയുടെ നിര്‍ദേശവും സംസ്‌ഥാന നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ബി.ജെ.പിക്കു വോട്ടു ശതമാനം കുറഞ്ഞതിനെ ന്യായീകരിക്കാന്‍ സംസ്‌ഥാന നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാക്കാനാണ് കേന്ദ്ര നേതൃത്വത്തിന്റെ നേരിട്ടുള്ള ഇടപെടല്‍.
ൈക്രസ്‌തവ സഭകളുമായി കൂടുതല്‍ അടുക്കാനും ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കാനും ജാവദേക്കറിന്റെ സാന്നിധ്യം പ്രയോജനപ്പെടുത്താനാണ് അമിത് ഷാ ലക്ഷ്യമിടുന്നത്. ബി.ജെ.പിയിലെ പാരമ്ബര്യവാദികളില്‍ പ്രധാനിയായ ജാവദേക്കര്‍ പരിസ്‌ഥിതി വിഷയങ്ങളില്‍ കൈക്കൊണ്ട നിലപാടുകള്‍ കേരളത്തിന് അനുകൂലമാണെന്ന് പാര്‍ട്ടി കരുതുന്നു.
ഇതിനിടെ, അമിത് ഷാ കേരള ബി.ജെ.പിയുടെ താഴെത്തട്ടു മുതലുള്ള പ്രവര്‍ത്തനങ്ങള്‍ മനസിലാക്കാന്‍ തിരുവനന്തപുരം സന്ദര്‍ശന വേളയില്‍ പ്രത്യേകം സമയം കണ്ടെത്തിയതും കേരള നേതാക്കളെ ആകാംക്ഷാഭരിതരാക്കിയിട്ടുണ്ട്. കൂടിക്കാഴ്‌ചകളില്‍നിന്ന് അമിത് ഷായ്‌ക്കു ലഭിച്ച സന്ദേശം പാര്‍ട്ടി കേരള ഘടകത്തിന്റെ അഴിച്ചുപണിയിലേക്കു നയിച്ചേക്കുമെന്നാണു സൂചന.
രാജു പോള്‍