ദോഹ: അട്ടിമറി ട്രെന്‍ഡുകള്‍ക്കിടയില്‍ ആഫ്രിക്കന്‍ വമ്ബന്മാരായ ഘാനയെ തകര്‍ത്തുകൊണ്ടായിരുന്നു പറങ്കിപ്പടയുടെ തുടക്കം.
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോള്‍ നേടിയതോടെ ലോകകപ്പില്‍ പുതുചരിത്രവും കുറിക്കപ്പെട്ടു. അഞ്ച് ലോകകപ്പിലും ഗോള്‍ നേടുന്ന ആദ്യ പുരുഷ താരമെന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. ഘാനയ്‌ക്കെതിരായ മത്സരത്തില്‍ 65-ാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു ക്രിസ്റ്റ്യാനോ ഗോള്‍ നേടിയത്.
2006, 2010, 2014, 2018 വര്‍ഷങ്ങളില്‍ നടന്ന ലോകകപ്പുകളില്‍ റൊണാള്‍ഡോ ഗോള്‍ നേടിയിരുന്നു. 2022 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഗോള്‍ നേടി പുതുചരിത്രമാണ് താരം കുറിച്ചിരിക്കുന്നത്. 18 ലോകകപ്പ് മത്സരങ്ങളില്‍ നിന്ന് എട്ട് ഗോളുകളാണ് താരം ഇതുവരെ സ്വന്തമാക്കിയത്. രാജ്യാന്തര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം കൂടിയാണ് ക്രിസ്റ്റ്യാനോ.
ലോകകപ്പില്‍ ഹാട്രിക് നേടിയ ഏറ്റവും പ്രായം കൂടിയ താരമെന്ന നേട്ടവും ക്രിസ്റ്റ്യാനോക്ക് സ്വന്തമാണ്. ലോകകപ്പില്‍ അര്‍ജന്റീനയുടെ ഏറ്റവും പ്രായം കൂടിയ രണ്ടാം ഗോള്‍ സ്‌കോററായി കഴിഞ്ഞ മത്സരത്തില്‍ ലയണല്‍ മെസ്സി മാറിയിരുന്നു. സൗദി അറേബ്യക്കെതിരായ മത്സരത്തില്‍ ഗോള്‍ നേടിയതോടെയാണ് ഈ നേട്ടം താരം സ്വന്തമാക്കിയത്.