ന്യൂഡല്‍ഹി: നേപ്പാളില്‍ നിന്നും ഗൂര്‍ഖ സൈനികരെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നത് തുടരുമെന്ന് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി.
അഗ്നിപഥ് പദ്ധതി പ്രകാരമാണ് ഗൂര്‍ഖ സൈനികരെ നിയമിക്കുക.
ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായ നേപ്പാളി സൈനികര്‍ക്ക് ഇന്ത്യന്‍ സൈനികര്‍ക്ക് ലഭിക്കുന്നതിന് തുല്യമായ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി. ഇന്ത്യന്‍ സൈനികര്‍ക്ക് തുല്യമായ ശമ്ബളവും പെന്‍ഷനും മറ്റ് സൗകര്യങ്ങളും ഉറപ്പാക്കും.
ഇന്ത്യന്‍ യുവാക്കളെ നാല് വര്‍ഷത്തേക്ക് ഇന്ത്യന്‍ സൈന്യം, നേവി, എയര്‍ഫോഴ്സ് എന്നിവയിലേക്ക് റിക്രൂട്ട് ചെയ്യുന്ന പദ്ധതിയാണ് അഗ്നിപഥ്.ആകെ റിക്രൂട്ട് ചെയ്യുന്നവരില്‍ 25 ശതമാനം പേരെ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ സ്ഥിരപ്പെടുത്തും. ബാക്കിയുള്ളവര്‍ക്ക് 11-12 ലക്ഷം രൂപയുടെ സേവാ നിധി പാക്കേജും നൈപുണ്യ സര്‍ട്ടിഫിക്കറ്റുകളും നല്‍കും. അഗ്നിവീറുകളെ സഹായിക്കുന്നതിനായി ബാങ്ക് വായ്പകളും ലഭ്യമാക്കും.